കൊച്ചി : സങ്കീർണ്ണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര "ചിപ്പ് " സമ്മേളനം ഓഗസ്റ്റ് 2, 3 തീയതികളിൽ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. ഇൻ്റർവെൻഷണൽ കാർഡിയോളജി ഡോക്ടർമാരുടെ സംഘടനയായ സിൻസിഷ്യം ഹാർട്ട് കെയർ ഫൗണ്ടേഷൻ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്റർവെൻഷണൽ കാർഡിയോളജിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബ്ലോക്കുകൾ ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ഹൃദ്രോഗങ്ങൾക്കുള്ള നൂതന ഇന്റർവെൻഷണൽ ചികിത്സാ രീതികളാണ് സമ്മേളനം ചർച്ച ചെയ്യുക.
പ്രശസ്ത ജാപ്പനീസ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. വതാരു നാഗമത്സു ഓഗസ്റ്റ് 2 ന് വൈകുന്നേരം 6 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.ഓർഗനൈസിംഗ് ചെയർമാൻ ഡോ. അനിൽ കുമാർ ആർ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിമ്മി ജോർജ് , കോഴ്സ് ഡയറക്ടർമാരായ ഡോ. രാജശേഖര വർമ്മ, ഡോ. ദീപക് ഡേവിഡ്സൺ; കോഴ്സ് കോർഡിനേറ്റർമാരായ ഡോ. സന്ദീപ് ആർ., ഡോ. അനിൽ ബാലചന്ദ്രൻ; അന്താരാഷ്ട്ര വിദഗ്ധരായ ഡോ. രമേശ് ദഗുബട്ടി, ഡോ. ശ്രീപാൽ ബാംഗ്ലൂർ (യുഎസ്എ), ഡോ. വാസിൻസ്കി പിയോറ്റർ ജെ. (പോളണ്ട്) എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും.
സങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റിയിൽ കൃത്യതയും നൈപുണ്യം വർദ്ധിപിക്കാനും, അറിവു പങ്കിടാനും, അതിനൂതന സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ ശാസ്ത്ര വിരുന്നെന്ന് ആസ്റ്റർ കാർഡിയാക് സയൻസസിലെ ലീഡ് കൺസൾട്ടന്റും
ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. അനിൽ കുമാർ. ആർ പറഞ്ഞു.
CHIP നടപടിക്രമങ്ങൾ ഇന്ന് സൂപ്പർ-സ്പെഷ്യാലിറ്റിയായി മാത്രം പരിമിതപ്പെടുത്താനാവില്ല. സാധാരണ ആൻജിയോപ്ലാസ്റ്റിയിൽ പോലും അപ്രതീക്ഷിത സങ്കീർണതകൾ വന്നേക്കാം. അതിനാൽ എല്ലാ സാഹചര്യങ്ങൾക്കും കാർഡിയോളജിസ്റ്റുകൾ തയ്യാറായിരിക്കണം,” ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിമ്മി ജോർജ് പറഞ്ഞു.
കൊറോണറി ഫിസിയോളജി, ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS), ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (OCT) പോലുള്ള അഡ്വാൻസ്ഡ് ഇമേജിംഗ് രീതികൾ, റോട്ടാബ്ലേഷൻ, ബൈഫർക്കേഷൻ സ്റ്റെന്റിംഗ്, ചിപ്പ് അടിസ്ഥാനമാക്കിയുള്ള പൂർണ്ണമായ റിവാസ്കുലറൈസേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളിലെ പ്രായോഗിക പരിശീലനം എന്നിവയും ശാസ്ത്ര സെഷനുകളിൽ ഉൾപ്പെടും.
രാജ്യത്തെ മുന്നൂറ്റിയമ്പതിലധികം വിദഗ്ദ്ധ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്ക, ഇറ്റലി, പോളണ്ട്, ജപ്പാൻ, തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ ശാസ്ത്ര സെഷനുകൾക്ക് നേതൃത്വം നൽകും









